ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി സർക്കാർ രൂപവത്കരണത്തിനൊരുങ്ങുകയാണ് ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി). പാർട്ടിയുടെ ആക്ടിങ് ചെയർമാനും മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാനാണ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുക. അറുപതുവയസ്സുകാരനായ താരിഖ്, സിയയുടെ മൂത്തമകനാണ്. മുന്നൂറംഗ ജാതീയ സൻസദിൽ (ബംഗ്ലാദേശ് പാർലമെന്റ്) ഇരുന്നൂറിലധികം സീറ്റുകളിൽ ബിഎൻപിയാണ് വിജയിച്ചത്.
ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ബി.എൻ.പി.യും രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം.ബംഗ്ലാദേശിൽ ആദ്യ ഇസ്‌ലാമിക നേതൃത്വത്തിലുള്ള സർക്കാരുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് ജമാഅത്തെ ഇസ്ലാമി കളത്തിലിറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ട ഈ പാർട്ടി 2024ലെ പ്രക്ഷോഭത്തിനു പിന്നാലെയാണ് വീണ്ടും രാഷ്ട്രീയഅരങ്ങിലെത്തിയത്.