വേമ്പനാട് കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം, ഒരു ജനതയുടെ സ്വപ്ന സാക്ഷാൽക്കാരവുമായ പെരുമ്പളം പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അവസാനഘട്ട പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. തീയതി അന്തിമമാകുന്ന മുറയ്ക്ക് ഒരാഴ്ച്ചത്തെ ഉദ്ഘാടന ആഘോഷമാണ് പെരുമ്പളം പാലം ഉദ്ഘാടന സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.
1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലത്തിന് മധ്യഭാഗത്ത് മൂന്ന് ബോ സ്ട്രിങ് ആർച്ചുകളുണ്ട്. അവിടെ 12 മീറ്റർ വീതിയുണ്ടാകും. ബോ സ്ട്രിങ് ആർച്ചുകളിൽ മഴവിൽ നിറങ്ങളിലെ പെയിന്റാണ് അടിച്ചിരിക്കുന്നത്. മറ്റു ഭാഗത്ത് ഇതിനു ചേരുന്ന നിറങ്ങളും. വിനോദ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം. അലങ്കാര തെരുവുവിളക്കുകളും വരുന്നതോടെ ശോഭയേറും. ദേശീയ ജലപാത കടന്നു പോകുന്ന ഭാഗവുമാണിത്.