Drisya TV | Malayalam News

എസ്ഐആർ നടപടികൾക്കെതിരേ നൽകിയ ഹർജിയിൽ നേരിട്ട് വാദം ഉന്നയിക്കാൻ 23 വർഷങ്ങൾക്കുശേഷം മമത ബാനർജി സുപ്രീംകോടതിയിൽ

 Web Desk    4 Feb 2026

ബംഗാളിലെ എസ്പെ്ഐആർ നടപടികൾക്കെതിരേ നൽകിയ ഹർജിയിൽ നേരിട്ട് വാദം ഉന്നയിക്കാൻ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ മമത ബാനർജി സുപ്രീംകോടതിയിൽ എത്തിയിരുന്നു. അനന്തിരവൻ അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ വസതിയിൽനിന്ന് രാവിലെ 10.10 ന് ആണ് മമത സുപ്രീംകോടതിയിൽ എത്തിയത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മമതയ്ക്ക് ബംഗാൾ പോലീസിലെ സ്പെഷ്യൽ കമാൻഡോകൾ ഒരുക്കിയ സുരക്ഷയ്ക്ക് പുറമെ ഡൽഹി പോലീസിന്റെ സുരക്ഷയും ഉണ്ടായിരുന്നു.ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മമത ഒന്നാം നമ്പർ കോടതി മുറിയിലെ അവസാന നിരയിൽ ഇരുന്നു.

2003-ലാണ് മമത ഇതിന് മുമ്പ് അഭിഭാഷകയായി കോടതി മുറിയിൽ വാദം ഉന്നയിച്ചിട്ടുളളത്. അത് കൊൽക്കത്ത ഹൈക്കോടതിയിൽ ആയിരുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ജോഗേഷ് ചന്ദ്ര ലോ കോളേജിൽ നിന്നായിരുന്നു മമത ബാനർജി നിയമ പഠനം പൂർത്തിയാക്കിയത്.അതിനുശേഷം ദീർഘകാലം കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രാക്ടീസ് ചെയ്തിരുന്നു.

സുപ്രീംകോടതിയിൽ ഗൗൺ അണിഞ്ഞ് മമത വാദം ഉന്നയിക്കുമോ എന്ന ആകാംക്ഷ നില നിന്നിരുന്നു. എന്നാൽ, ഇന്ന് കോടതിയിൽ മമത ഗൗൺ അണിഞ്ഞിരുന്നില്ല. കോട്ടൺ സാരി ആയിരുന്നു വേഷം. കഴുത്തിൽ ഒരു കറുത്ത ഷോൾ ഇട്ടിരുന്നു. ട്രേഡ് മാർക്കായ ഹവായ് ചെരിപ്പും ധരിച്ചാണ് മമത കോടതിയിലെത്തിയത്.വൈകാരികവും വികാരഭരിതവുമായാണ് തന്റെ വാദം ഉന്നയിച്ചത്.

ബഹുമാനപൂർവവും എന്നാൽ, ശക്തവുമായ വാദങ്ങളിൽ ദൃഢനിശ്ചയവും പോരാട്ടവീര്യവും നിറഞ്ഞുനിന്നു. വാദിക്കാൻ അനുവദിച്ചതിന് ചീഫ് ജസ്റ്റിസിന് ഉൾപ്പടെ നന്ദി പറഞ്ഞ ശേഷമാണ് മമത കോടതി മുറി വിട്ടത്.

  • Share This Article
Drisya TV | Malayalam News