Drisya TV | Malayalam News

മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു

 Web Desk    4 Feb 2026

മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നത്. ഇതോടെ പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും.

രാഷ്ട്രപതി ഭരണത്തിനുശേഷം മണിപ്പൂരിൽ പുതിയ സർക്കാർ രൂപവത്കരിക്കാൻ ബിജെപി നീക്കങ്ങൾ തുടങ്ങിയിരുന്നു. ബിജെപി നേതാവായ യുംനം ഖേംചന്ദ് സിങ് മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രിയാകും. കഴിഞ്ഞദിവസം ഡൽഹിയിൽചേർന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ബുധനാഴ്ച‌ ഖേംചന്ദ് സിങ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവർണറെ കണ്ടിരുന്നു.കുക്കി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആകും പുതിയ ഉപമുഖ്യമന്ത്രി.

ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത യുംനം ഖേംചന്ദ് ആദ്യം 2017-ലും പിന്നീട് 2022-ലും എംഎൽഎയായി. 2017-ൽ നിയമസഭാ സ്പീക്കറായ അദ്ദേഹം 2022-ലെ ബിരേൻസിങ് സർക്കാരിൽ മന്ത്രിയായിരുന്നു.

വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭപിരിച്ചുവിട്ടിരുന്നില്ല.

  • Share This Article
Drisya TV | Malayalam News