വൈദ്യുതി ബില്ലടയ്ക്കുമ്പോൾ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കണമെന്ന തീരുമാനം കർശനമായി നടപ്പാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
ഒരു ഓഫീസിൽ രണ്ട് കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നിടത്ത് ഒന്ന് നിർത്തലാക്കും. ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്കോ പൊതുസ്ഥലംമാറ്റത്തിലോ ഉൾപ്പെടുത്തും. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് സെക്ഷൻ ഓഫീസുകൾക്കും ഇനി ഒരു കൗണ്ടർ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
ബില്ലടയ്ക്കുന്നതിനുള്ള സമയം കൂടി ചുരുക്കിയിട്ടുണ്ട്. ഇതുവരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പണം സ്വീകരിച്ചിരുന്നുവെങ്കിൽ, ഇനി രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാകും. 70 ശതമാനം ഉപഭോക്താക്കളും ഓൺലൈനായി ബിൽ അടയ്ക്കുന്നതാണ് കൗണ്ടറുകൾ കുറയ്ക്കാൻ കാരണമായത്.