2015 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്ത വരുടെ എണ്ണം 100 കോടി കടന്നു. ഫെഡറൽ കോംപിറ്ററ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻ്ററാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കടന്നുപോയ വിമാനങ്ങളുടെ എണ്ണം ആകെ 64 ലക്ഷം കടന്നിട്ടുമുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ വളരെ സുപ്രധാനമായ വളർച്ച കൈവരിക്കാൻ വ്യോമയാന മേഖലക്ക് സാധിച്ചതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. വ്യോമ ഗതാഗത ഗുണനിലവാര സൂചികയിൽ യു.എ.ഇ ആഗോള തലത്തിൽ യു.എ.ഇ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതോടൊപ്പം മറ്റു അഞ്ച് സൂചികകകളിൽ ലോക തലത്തിൽ ആദ്യ പത്തിൽ ഇടംപിടിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിനിടെ സിവിൽ ഏവിയേഷൻ മേഖല കൈവരിച്ച അസാധാരണ നേട്ടങ്ങൾക്ക് കാരണം നേതൃത്വത്തിൻ്റെ മാർഗനിർദേശപ്രകാരം സ്വീകരിച്ച ദേശീയ തന്ത്രങ്ങളുടെയും സംരംഭങ്ങളുടെയും വിജയമാണെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി(ജി.സി.എ.എ) ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. വളരെ സുപ്രധാന നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ഈ മേഖല ഭാവിയെ രൂപപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.