അഞ്ചുവർഷത്തെ ഇടവേളക്കു ശേഷം ചൈനക്കാർക്ക് ഇന്ത്യയിലേക്ക് വീണ്ടും വിനോദസഞ്ചാര വിസ അനുവദിച്ചുതുടങ്ങി. ഗൽവാൻ താഴ്വരയിലെ സംഘർഷത്തെ തുടർന്ന് 2020ൽ അവസാനിപ്പിച്ച വിസയാണ് നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി പുനഃസ്ഥാപിക്കുന്നത്.
വ്യാഴാഴ്ച മുതൽ ചൈനീസ് പൗരന്മാർക്ക് വിനോദസഞ്ചാര വിസക്ക് അപേക്ഷിക്കാമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലും അപേക്ഷ നൽകാം. ജൂലൈ 14,15 തീയതികളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈന സന്ദർശിച്ചിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിറകെയാണ് പുതിയ നീക്കം.
ഉഭയകക്ഷി സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തുന്ന നിരവധി നടപടികൾക്ക് തുടക്കമായിട്ടുണ്ട്. കൈലാസ മാനസരോവർ യാത്രയും അഞ്ചുവർഷത്തിനുശേഷം ഇരുരാജ്യങ്ങളും ആരംഭിച്ചിരുന്നു.