അഞ്ചു ലക്ഷം രൂപ വരെ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി പാർപ്പിടം ജപ്തി ചെയ്യപ്പെടാതിരിക്കാൻ നിയമവുമായി സർക്കാർ. തിരിച്ചടവിൽ മന:പൂർവം വീഴ്ചവരുത്താത്ത, മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ലവർക്കാണ് സംരക്ഷണം. 'കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിൻ്റെ' കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങൾക്ക് ആശ്വാസമാണിത്.
വായ്പാത്തുക 5ലക്ഷം വരെയുള്ലതും പിഴയും പിഴപ്പലിശയുമടക്കം 10ലക്ഷം കവിയാത്തതുമായ കേസുകളിലാണ് കർശന ഉപാധികളോടെ നിയമ പരിരക്ഷ. അർഹരായവരെ കണ്ടെത്താൽ സംസ്ഥാന, ജില്ലാ തലത്തിൽ സമിതികളും അതോറിട്ടികളും രൂപീകരിക്കും.
പൊതുമേഖലാ- ദേശസാത്കൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, കെ.എസ്.എഫ്.ഇ, കെ.എഫ്.സി പോലുള സർക്കാർ നിയന്ത്രിത ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്തവർക്കാണ് സംരക്ഷണം. സ്വകാര്യ പണമിടപാട്-മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലെ വായ്പകൾക്ക് സംരക്ഷണമില്ല.
കിടപ്പാടം സംരക്ഷിക്കാനുള്ല ജപ്തിയൊഴിവാക്കാനും വായ്പകൾ എഴുതിത്തള്ലാനും സർക്കാരാവും പണം നൽകുക. ഇതിനായി പ്രത്യേക നിധി രൂപീകരിക്കും. എഴുതിത്തല്ലേണ്ട വായ്പകൾക്ക് നിധിയിൽ നിന്ന് പണം നൽകും. പലിശയും പിഴപ്പലിശയുമടക്കം ഒഴിവാക്കിയാവും എഴുതിത്തളുക.