Drisya TV | Malayalam News

ആൺ കടുവ തന്റെ വീട് കണ്ടെത്താൻ അലഞ്ഞത് 450 കിലോമീറ്റർ 

 Web Desk    11 Sep 2025

450 കിലോമീറ്റർ പിന്നിട്ട അലച്ചിലിനൊടുവിൽ യുവ ആൺ കടുവ തന്റെ ‘വീ’ട് കണ്ടെത്തി. പതിറ്റാണ്ടുകളായി കടുവകളുടെ പാദസ്പർശം ഏൽക്കാത്ത ചെറു കാടായ മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ യെദ്‌ഷി റാംലിംഗ് ഘട്ട് വന്യജീവി സങ്കേതത്തിലാണിത്. 

മൂന്നു വയസ്സ് പ്രായമുള്ള കടുവ വിദർഭയിലെ തിപേശ്വറിൽ നിന്നാണ് തന്റെ ദീർഘയാത്ര ആരംഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ചെറുവന്യജീവി സങ്കേതത്തിൽ തന്റെ പ്രദേശം അടയാളപ്പെടുത്തിയതായി വനം ഉദ്യോഗസ്ഥൻ പറഞ്ഞു.

22.50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള യെദ്ഷി റാംലിംഗ് 1997ലാണ് വന്യജീവി സങ്കേതമായി വികസിപ്പിച്ചെടുത്തത്. പുള്ളിപ്പുലികൾ, കരടികൾ, കുറുക്കന്മാർ, ചെന്നായ്ക്കൾ, പല്ലികൾ, മാൻ, മുയലുകൾ എന്നിവയുൾപ്പെടെ 100 ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണിതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ അമോൽ മുണ്ടെ പറഞ്ഞു.

പ്രാദേശികമായി വനംവകുപ്പ് ജീവനക്കാർ കടുവയെ 'റാംലിംഗ്' എന്നാണ് വിളിക്കുന്നത്. സമീപത്തുള്ള പ്രശസ്തമായ ശിവക്ഷേത്രത്തിന്റെ പേരിലാണ് ഈ വിളിയെന്നും മുണ്ട പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കടുവയെ ആദ്യമായി കണ്ടത്. വന്യജീവി വിദഗ്ധർ നിരീക്ഷിക്കുകയും യവത്മാലിലെ തിപേശ്വർ വന്യജീവി സങ്കേതത്തിൽ നിന്നാണ് ഇത് സഞ്ചരിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. യെദ്ഷിയിൽ എടുത്ത കാമറ ട്രാപ്പ് ചിത്രങ്ങൾ തിപേശ്വറിൽ നിന്നുള്ള മുൻകാല ഫോട്ടോഗ്രാഫുകളുമായി ഒത്തുനോക്കിയാണ് അത് സ്ഥിരീകരിച്ചത്.

450 കിലോമീറ്റർ യാത്രക്കിടെ, അയൽ സംസ്ഥാനമായ തെലങ്കാനയിലെ ആദിലാബാദിൽ അലഞ്ഞുനടന്ന കടുവ നന്ദേഡിലും അഹമ്മദ്പൂരിലും പ്രവേശിച്ച് യെദ്ഷി റാംലിംഗ് ഘട്ട് വന്യജീവി സങ്കേതത്തിൽ എത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അലച്ചിലിനിടെ കടുവയെ രക്ഷപ്പെടുത്തി സഹ്യാദ്രി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ വനം വകുപ്പ് നേരത്തെ ശ്രമിച്ചിരുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ 75 ദിവസത്തെ ഓപറേഷൻ ആരംഭിച്ചു. പക്ഷേ അത് വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കം ചില തവണ മാത്രമേ കടുവ പ്രത്യക്ഷപ്പെട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ഡ്രോണുകൾ ഉപയോഗിച്ച് അവനെ നിരീക്ഷിച്ചു. പക്ഷേ, രണ്ടോ മൂന്നോ തവണ മാത്രമേ കാണാനായുള്ളൂ. ഒളിച്ചിരിക്കാൻ ഈ യുവ കടുവക്ക് പ്രത്യേക കഴിവുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുടക്കത്തിൽ ഇത് കന്നുകാലികളെ കൊന്നിരുന്നു. എന്നാൽ, ഏപ്രിൽ മുതൽ ഇരയെ വേട്ടയാടാൻ അവൻ തന്റെ പ്രദേശം നിശ്ചയിച്ചു. 1971 മുതൽ മറാത്തവാഡയിൽ എത്തുന്ന നാലാമത്തെ കടുവയാണ് ഇതെന്ന്' ഉദ്യോഗസ്ഥൻ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News