ടിയാൻജിനിലെ ഷാങ്ഹായ് ഉച്ചകോടിയിൽ ചൈനയുമായി സൗഹൃദം പങ്കിട്ടെങ്കിലും തന്ത്രപ്രധാനമായ നീക്കവുമായി ഇന്ത്യ. ചൈനീസ് പ്രസിഡന്റ് ഷീ ജീൻപിങ്ങുമായി കൈകൊടുത്ത് പിരിഞ്ഞ് ദിവസങ്ങൾക്കു പിന്നാലെ ചൈനയ്ക്ക് തലവേദനയുണ്ടാക്കുന്ന നീക്കവുമായി ഇന്ത്യ. തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിൽ ഇന്ത്യൻ നാവികസേന പട്രോളിങ്ങിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കാനുള്ള തന്ത്രപ്രധാനമായ നാവികപാതയാണ് മലാക്ക കടലിടുക്ക്. ചൈനയുടെ വ്യാപാരം, പ്രകൃതിവാതക- ക്രൂഡോയിൽ ഇറക്കുമതി എന്നിവയുടെ ബഹുഭൂരിപക്ഷവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനവും എന്നാൽ ഏറെ ദുർബലവുമായ ഭാഗമാണ് മലാക്ക കടലിടുക്ക്.
സിങ്കപ്പുർ, ഇന്തൊനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് ഇന്ത്യൻ നാവിക സേന മലാക്ക കടലിടുക്കിൽ പട്രോളിങ്ങിനൊരുങ്ങുന്നത്. ചൈനയ്ക്ക് മാത്രമല്ല, ഇന്ത്യയ്ക്കും മലാക്ക കടലിടുക്ക് തന്ത്രപ്രധാനമാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട വാണിജ്യക്കപ്പലുകളും 60 ശതമാനവും കടന്നുപോകുന്നത് മലാക്ക കടലിടുക്ക് വഴിയാണ്. മാത്രമല്ല, പ്രകൃതി വാതക ഇറക്കുമതി കൂടുതലും നടക്കുന്നതും ഇതുവഴിയാണ്. എന്നാൽ, ഇന്ത്യയ്ക്ക് ഈ പാത ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ ചൈനയ്ക്കിത് ഏറ്റവും ദുർഘടമായ മേഖലയാണ്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കും.
ഇന്ത്യയുടെ ഭാഗമായ ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്ന് 600 കിലോമീറ്റർ മാത്രം അകലെയാണ് മലാക്കാ കടലിടുക്ക്. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്നുകയറാൻ ചൈന പലപ്പോഴായി ശ്രമിക്കുന്നുണ്ട്. അതിന് മറുപടിയായി ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഇടപെട്ട് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമാണ് മലാക്ക കടലിടുക്കിലെ ശക്തിപ്രകടനത്തിന് ഒരുങ്ങുന്നത്.