ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്ക്. ബില്യണയർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മസ്കിന് ലോകത്തെ ആദ്യ ട്രില്യണയർ ആവാൻ അവസരമൊരുങ്ങുകയാണ്. മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ല മുന്നോട്ടുവെച്ച പുതിയ പ്രതിഫല പാക്കേജ് നടപ്പായാലാണ് മസ്ക് ലോകത്താർക്കുമില്ലാത്ത പ്രതിഫലം നേടുന്ന വ്യക്തിയായി മാറുക. ഇതുവഴി ആദ്യ ട്രില്യണയർ എന്ന നേട്ടത്തിനും മസ്ക് അർഹനാകും.
നിർദേശിക്കപ്പെട്ട പ്രതിഫല പാക്കേജിലൂടെ മസ്കിന് ടെസ് ലയുടെ ആകെ ഓഹരികളുടെ 12 ശതമാനം ലഭിക്കും. ഇത് ഏകദേശം 42.57 കോടി അധിക ഓഹരിയാകും. പ്രതിഫലമെല്ലാം ടെസ് ലയുടെ ഓഹരികളായാണ് നൽകുക. എന്നാൽ വരും വർഷങ്ങളിൽ കമ്പനി ചില ലക്ഷ്യങ്ങൾ കൈവരിച്ചെങ്കിൽ മാത്രമേ മസ്കിന് ഈ പ്രതിഫല പാക്കേജ് ലഭിക്കുകയുള്ളു.
ടെസ് ലയുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ ഏകദേശം 1.1 ലക്ഷം കോടിയിൽ (1.1 ട്രില്യൺ) നിന്ന് 8.5 ലക്ഷം കോടിയായി (8.5 ട്രില്യൺ) ഉയർത്തണം.പത്ത് ലക്ഷം റോബോ ടാക്സികൾ വാണിജ്യ ഉപയോഗത്തിന് എത്തിക്കണം.പത്ത് ലക്ഷം ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിക്കണം.ടെസ്ലയുടെ വാർഷിക വരുമാനം 1700 കോടി ഡോളറിൽ നിന്ന് 40000 കോടി ഡോളറായി ഉയർത്തണം.വർഷം 2 കോടി വാഹനങ്ങൾ വിൽക്കുകയെന്ന നേട്ടം കൈവരിക്കണം.
അസാധാരണവും വെല്ലുവിളി നിറഞ്ഞതുമായ ഈ വ്യവസ്ഥകളാണ് മസ്കിന്റെ പുതിയ പേ പാക്കേജിന് ടെസ് ല മുന്നോട്ട് വെച്ചിരിക്കുന്നത്. മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ വിശ്വാസവും ഇത് വ്യക്തമാക്കുന്നു. റോബോടാക്സികൾ, എഐ, റോബോടിക്സ് ഉൾപ്പടെയുള്ള മേഖലകളിലാണ് കമ്പനിയുടെ ഭാവി ലക്ഷ്യങ്ങളെന്നും ഇത് വ്യക്തമാക്കുന്നു.
അതേസമയം കമ്പനി മുന്നോട്ട് വെച്ച പ്രതിഫല പദ്ധതി ഓഹരി ഉടമകൾ അംഗീകരിക്കേണ്ടതായുണ്ട്. 2025 നവംബർ ആറിനാണ് ഇതിനായുള്ള വോട്ടിങ് നടക്കുക. 2018 ലും മസ്കിന്റെ പ്രതിഫല പദ്ധതി സമാനമായിരുന്നു. ഇത് വലിയ നിയമപ്രതിസന്ധികൾ നേരിടേണ്ടി വരികയും ചെയ്തു. എന്നാൽ ടെസ്ലയുടെ പ്രവർത്തനങ്ങൾ ടെക്സാസിലേക്ക് മാറ്റിയത് ചിലപ്പോൾ കമ്പനിക്ക് ഗുണം ചെയ്തേക്കും. പ്രതിഫല പദ്ധഥി അംഗീകരിക്കപ്പെട്ടാൽ. ടെസ്ലയിൽ മസ്കിന്റെ ഓഹരി 29ശതമാനമായി ഉയരും.
ഈ പ്രതിഫല പദ്ധതി അംഗീകരിക്കപ്പെടുകയും കമ്പനി മുന്നോട്ട് വെച്ച ഏറെ സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ലക്ഷ്യങ്ങൾ കമ്പനി നേടുകയും ചെയ്താൽ മസ്കിന് ആദ്യ ട്രില്യണയർ എന്ന സ്ഥാനം കരസ്ഥമാക്കാനാവുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.