യുകെയിൽ ഉപപ്രധാനമന്ത്രി രാജിവച്ചു.പ്രധാനമന്ത്രി കിയേർ സ്റ്റാമെറുടെ മന്ത്രി സഭയിൽ നിന്നുള്ള ഉപ പ്രധാനമന്ത്രി ആഞ്ചല റെയ്‌നറുടെ രാജിക്ക് പിന്നാലെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഉപ പ്രധാന മന്ത്രിയായി ചുമതലയേറ്റു. ആഞ്ചല റെയറുടെ രാജിക്ക് പിന്നാലെ മന്ത്രി സഭയിലെ പ്രമുഖ വകുപ്പുകളിൽ മന്ത്രിമാർക്ക് ഉണ്ടായിരുന്ന ചുമതലകളിലും മാറ്റം ഉണ്ടായി.
8,00,000 പൗണ്ട് വിലമതിക്കുന്ന ഫ്ലാറ്റിന് മതിയായ നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് ആഞ്ചല റെയ്നർ ഡെപ്യൂട്ടി പ്രധാനമന്ത്രി, ഭവന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ രാജി വയ്ക്കേണ്ടി വന്നത്. ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ പദവിയും രാജിവച്ചിട്ടുണ്ട്. പാർട്ടി അംഗങ്ങൾക്കിടയിൽ പുതിയ ഡെപ്യൂട്ടി നേതൃത്വ തിരഞ്ഞെടുപ്പിന് രാജി കാരണമാകും.
സ്വത്ത് വാങ്ങുമ്പോൾ തനിക്ക് നിയമോപദേശം ലഭിച്ചെങ്കിലും ശുപാർശ ചെയ്തതുപോലെ കൂടുതൽ വിദഗ്‌ധ നികുതി അടയ്ക്കണമെന്ന ഉപദേശം തേടുന്നതിൽ പരാജയപ്പെട്ടുവെന്ന് ആഞ്ചല റെയ്നർ പറഞ്ഞു. സ്വത്ത് വാങ്ങുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുവാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആഞ്ചല റെയ്നർ വ്യക്തമാക്കി. അതേസമയം ആഞ്ചല റെയ്നറുടെ രാജി പ്രധാനമന്ത്രി കിയേർ സ്റ്റാമെർക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സർക്കാരിലെ ഉന്നത മന്ത്രിമാരുടെ വലിയൊരു പുനഃസംഘടനയ്ക്ക് രാജി തുടക്കമിട്ടു.
വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയെ ഉപ പ്രധാനമന്ത്രി ആക്കിയപ്പോൾ ആഭ്യന്തര വകുപ്പ്, നീതിന്യായ വകുപ്പ്, വിദേശകാര്യ വകുപ്പ് എന്നിവയുടെ ചുമതലകളിലും മന്ത്രിമാർക്ക് മാറ്റം ഉണ്ടായി. പുതിയ ഉപ പ്രധാനമന്ത്രി ഡേവിഡ് ലാമി നീതിന്യായ വകുപ്പിന്റെ ചുമതല ഏറ്റെടുക്കും.