Drisya TV | Malayalam News

വിപണിയിലെത്തിയ ടെസ്ലയ്ക്ക് പ്രതീക്ഷിച്ച ബുക്കിങ് ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ

 Web Desk    6 Sep 2025

വിപണിയിലെത്തിയ ടെസ്ലയ്ക്ക് പ്രതീക്ഷിച്ച ബുക്കിങ് ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ. ആദ്യ കാർ 'മോഡൽ വൈ'ക്ക് ഇതുവരെ 600 ബുക്കിങ്ങുകൾ മാത്രമാണ് ലഭിച്ചത്. ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ വാഹനത്തിന്റെ വിതരണം ഈ മാസം മുതൽ ആരംഭിക്കും. ഈ വർഷം ഇന്ത്യയിലേക്ക് 350 മുതൽ 500 യൂണിറ്റ് വരെ ഷാങ്ഹായ്മയിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്. വർഷം 2500 യൂണിറ്റുവരെ ഇന്ത്യയിൽ വിൽക്കുമെന്നായിരുന്നു ടെസ്‌ലയുടെ പ്രതീക്ഷ. ഉയർന്ന വിലയും ട്രംപിന്റെ താരിഫ് യുദ്ധവുമാകാം ടെസ്ലയ്ക്ക് തിരിച്ചടി നൽകിയത് എന്നാണ് കരുതുന്നത്.

രണ്ടു മോഡലുകളുമായി എത്തുന്ന വൈയുടെ റിയർ വീൽ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയർവീൽ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓൺറോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്.ജിഎസ്ട‌ി, ടിസിഎസ് 1 ശതമാനം, അഡ്മിനിസ്ട്രേഷൻ ആന്റ് സർവീസ് ഫീസ്, ഫാസ്ടാഗ് എന്നിവയുടെ ചാർജ് അടക്കമാണ് ഓൺറോഡ് വില കണക്കാക്കിയിരിക്കുന്നത്.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്താണ് 'മോഡൽ വൈ' ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്നത്. ടെസ്ല‌യുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവികളിലൊന്നാണ് മോഡൽ വൈ. റിയൽ വീൽ ഡ്രൈവ്, ലോങ് റേഞ്ച് റിയർ വീൽ ഡ്രൈവ്, ലോങ് റേഞ്ച് ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ മോഡലുകളാണ് മോഡൽ വൈയിലുള്ളത്. ഇന്ത്യയിൽ റിയർവീൽ ഡ്രൈവ്, റിയർവീൽ ഡ്രൈവ് ലോങ് റേഞ്ച് എന്നീ മോഡലുകൾ മാത്രം. റിയൽവീൽ ഡ്രൈവിന് 500 കിലോമീറ്ററാണ് ഡബ്ല്യുഎൽടിപി റേഞ്ച്.

മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വെറും 5.9 സെക്കൻഡ് മതി. സൂപ്പർചാർജർ ഉപയോഗിച്ചാൽ 15 മിനിറ്റിൽ 238 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കും. ലോങ് റേഞ്ച് റിയർവീൽ ഡ്രൈവ് മോഡലിന്റെ ഡബ്ല്യുഎൽടിപി റേഞ്ച് 622 കിലോമീറ്ററാണ്. 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വെറും 5.6 സെക്കൻഡ് മാത്രം മതി ഈ മോഡലിന്. 15 മിനിറ്റിൽ 267 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കും.

പവേർഡ് റിക്ലൈൻ, ഹീറ്റഡ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, പവർ ടൂ വേ ഫോൾഡിങ് ആന്റ് ഹീറ്റഡ് റിയർ സീറ്റ്. മുന്നിൽ 15.4 ഇഞ്ച് ടച്ച് സ്ക്രീനും പിന്നിൽ 8 ഇഞ്ച് ടച്ച് സ്ക്രീനുമുണ്ട്. കൂടാതെ പനോരമിക് സൺറൂഫ്, എട്ട് എക്സ്‌റ്റീരിയർ ക്യാമറ, ഡാഷ് ക്യാം തുടങ്ങി നിരവധി ഫീച്ചറുകളുമുണ്ട്.

  • Share This Article
Drisya TV | Malayalam News