Drisya TV | Malayalam News

പ്രമുഖ ടെക് സിഇഒമാർക്കായി അത്താഴവിരുന്ന് ഒരുക്കി ട്രംപ്

 Web Desk    6 Sep 2025

പ്രമുഖ ടെക് സിഇഒമാർക്കായി അത്താഴവിരുന്ന് ഒരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ആപ്പിൾ സിഇഒ ടിം കുക്ക്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് എന്നിവരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക് സ്ഥാപനങ്ങളിൽ നിന്നുള്ള പന്ത്രണ്ടോളം എക്സിക്യൂട്ടീവുകളും അതിഥികളായി പങ്കെടുത്തതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ മാർ-എ-ലാഗോ ക്ലബ്ബിലെ റോസ് ഗാർഡനിലായിരുന്നു അത്താഴവിരുന്ന് നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് ശക്തമായ മഴ പെയ്യാൻ തുടങ്ങിയതോടെ, പ്രതികൂല കാലാവസ്ഥ കാരണം പരിപാടി വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡൈനിങ് റൂമിലേക്ക് മാറ്റി.

ഒരുകാലത്ത് ട്രംപിന്റെ അടുത്ത അനുയായിയും, സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനായി രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ചുമതല വഹിച്ചിരുന്നതുമായ ഇലോൺ മസ്കിന്റെ അസാന്നിധ്യം അതിഥികളുടെ പട്ടികയിൽ ശ്രദ്ധേയമായിരുന്നു.

ഗൂഗിൾ സ്ഥാപകൻ സെർജി ബ്രിൻ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, സ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ, ഒറാക്കിൾ സിഇഒ സഫ്ര കാറ്റ്സ്, ബ്ലൂ ഒറിജിൻ സിഇഒ ഡേവിഡ് ലിമ്പ്, മൈക്രോൺ സിഇഒ സഞ്ജയ് മെഹ്റോത്ര, ടിബ്കോ സോഫ്റ്റ്വെയർ ചെയർമാൻ വിവേക് രണദിവെ, പാലന്റിർ എക്സിക്യൂട്ടീവ് ശ്യാം ശങ്കർ, സ്കെയിൽ എഐ സ്ഥാപകനും സിഇഒയുമായ അലക്സാണ്ടർ വാങ്, ഷിഫ്റ്റ്4 പേയ്മെന്റ്സ് സിഇഒ ജാരെഡ് ഐസക്ക്മാൻ എന്നിവരും അത്താഴവിരുന്നിന്റെ അതിഥി പട്ടികയിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

  • Share This Article
Drisya TV | Malayalam News