Drisya TV | Malayalam News

വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന രണ്ട് കോടിയിലധികം ഫോൺ കണക്ഷനുകൾ വിച്ഛേദിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

 Web Desk    4 Sep 2025

വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന രണ്ട് കോടിയിലധികം ഫോൺ കണക്ഷനുകൾ വിച്ഛേദിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT). സ്‌പൂഫ് കോളുകൾ 97 ശതമാനം കുറയ്ക്കാൻ സാധിച്ചതായും ടെലികമ്മ്യൂണിക്കേഷൻ സെക്രട്ടറി ഡോ. നീരജ് മിത്തൽ പറഞ്ഞു. സഞ്ചാർ സാഥി പോലുള്ള സംരംഭങ്ങൾ സ്‌പൂഫ് കോളുകൾ തടയാൻ വളരെ സഹായകരമാണ്.കോളർ ഐഡി അടക്കം തങ്ങൾ ആരാണെന്ന് മറച്ചുവെച്ച് വിളിക്കുന്നതിനെയാണ് കോൾ സ്‌പൂഫിംഗ് എന്നു പറയുന്നത്. തട്ടിപ്പ് നടത്താൻ ക്രിമിനലുകൾ കോൾ സ്‌പൂഫിംഗ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിലെ സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ടെലികോം വകുപ്പ് നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് 78 ലക്ഷം വ്യാജ കണക്ഷനുകളും 71,000 വിൽപ്പന പോയിന്റുകളും വിച്ഛേദിച്ചു.വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മൊബൈൽ നമ്പർ കണ്ടെത്തുന്നതിൽ ടെലികോം കമ്പനികളുമായി സഹകരിച്ച് സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള സംവിധാനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഡിഒടി നവീകരിക്കാൻ പോകുകയാണെന്നും മിത്തൽ പറഞ്ഞു.

എല്ലാ മേഖലകളിലും അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ ടെലികോമിൻ്റെ പങ്ക് ഗണ്യമായി വളർന്നിരിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ ക്രൗഡ് സോഴ്സ് ചെയ്യാനും സാമ്പത്തിക മേഖലയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അറിയാനും സഹായിക്കുന്ന ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്ഫോം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിൽ വർധന ഉണ്ടായപ്പോൾ, ടെലികോം സേവനങ്ങൾ സാമ്പത്തിക മേഖലയിൽ ദുരുപയോഗം ചെയ്യുന്നതും അതിനനുസരിച്ച് വളർന്നതായും മിത്തൽ ചൂണ്ടിക്കാട്ടി.

  • Share This Article
Drisya TV | Malayalam News