ആയിരക്കണക്കിന് കേസുകളിൽ പ്രതികളെ പിടികൂടാൻ തുണയേകി കേന്ദ്രീകൃത നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡൻ്റിഫിക്കേഷൻ സിസ്റ്റം(നഫിസ്). 1.53 കോടി കുറ്റവാളികളുടെ വിരലടയാളം ഈ ഏകീകൃതസംവിധാനത്തിൽ ലഭ്യമാണ്.കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവരുടെ വിരലടയാളം ശേഖരിക്കുകയും ഓരോന്നിനും പ്രത്യേക ക്രമനമ്പർ നൽകുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ മുഴുവൻ അന്വേഷണ ഏജൻസികൾക്കും ഇത് ലഭ്യമാക്കും.
കുറ്റകൃത്യംനടന്ന സ്ഥലത്തുനിന്ന് ശേഖരിക്കുന്ന വിരലടയാളം നിലവിൽ സൂക്ഷിച്ചിരിക്കുന്നവയുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കും.അതുവഴി പ്രതിയിലേക്ക് എളുപ്പത്തിലെത്താൻ കഴിയും. ഒപ്പം ഡേറ്റയിലേക്ക് പുതിയ വിരലടയാളം ചേർക്കും.840 ജില്ലാ പോലീസ് യൂണിറ്റുകളിലും 74 കമ്മിഷണറേറ്റുകളിലും 70 കേന്ദ്ര അന്വേഷണ ഏജൻസികൾക്കും കേന്ദ്ര-സംസ്ഥാന ഫിംഗർപ്രിന്റ് ബ്യൂറോകൾക്കും സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന ഏജൻസികൾക്ക് പ്രത്യേക വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ‌്വർക്ക്) ഐഡന്റിഫിക്കേഷൻ നമ്പറും നൽകിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തുമായി സൂക്ഷിച്ചിരുന്ന വിരലയടയാളങ്ങളെ കേന്ദ്രീകൃതമാക്കിയത് 2022-ലാണ്.
എല്ലാ പോലീസ് സ്റ്റേഷനുകളും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ‌്വർക്ക് ആൻഡ് സിസ്റ്റം(സിസിടിഎൻഎസ്) വഴി കംപ്യൂട്ടർവത്കരിച്ചിട്ടുണ്ട്. 14 കോടിയിലധികം എഫ്ഐആറുകളും അവയുമായി ബന്ധപ്പെട്ട രേഖകളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. 2.25 കോടി കേസുകളുടെ ഡേറ്റ ഇ-പ്രിസൺ വഴി ലഭിക്കും. 1.95 കോടി കേസുകളുടെ പ്രോസിക്യൂഷൻ ഡേറ്റ ഇ-പ്രോസിക്യൂഷൻ വഴിയും ലഭ്യമാണ്. 40 ലക്ഷത്തിലധികം ഫൊറൻസിക് തെളിവുകൾ ഇ-ഫൊറൻസിക്സസ് വഴി ഓൺലൈനിലുണ്ട്.