2025-ലെ വേൾഡ് ബിയർ അവാർഡിൽ ഇന്ത്യൻ ബ്രാൻഡുകളായ കിങ്ഫിഷറും സിംബയുമാണ് ഇടം നേടിയത്. ബെൽജിയൻ ശൈലിയിലുള്ള 'സിംബ വിറ്റ്' രണ്ടാം സ്ഥാനവും 'ഇന്ത്യ കൺട്രി വിന്നേഴ്സ്- ടേസ്റ്റ്' വിഭാഗത്തിൽ സിംബ സ്റ്റൗട്ട് വെങ്കലവും (മൂന്നാം സ്ഥാനം) കരസ്ഥമാക്കി. കിംഗ്ഫിഷർ അൾട്ര സ്വർണ്ണം നേടുകയും ടേസ്റ്റ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള കൺട്രി വിന്നറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പരമ്പരാഗതമായി ലോകോത്തര ബ്രാൻഡുകൾ മത്സരിക്കുന്ന വേദികളിൽ ഇന്ത്യൻ ബ്രൂവറികളുടെ വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഈ അംഗീകാരം വ്യക്തമാക്കുന്നത്.
ലോകമെമ്പാടുമുള്ള മികച്ച ബിയറുകളെ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന വാർഷിക മത്സരമാണ് വേൾഡ് ബിയർ അവാർഡ്സ്. വിവിധ വിഭാഗങ്ങളിലും രാജ്യങ്ങളിലുമുള്ള എൻട്രികളെ വിധികർത്താക്കൾ വിലയിരുത്തുന്നു. ബ്രാൻഡ് തിരിച്ചറിയാതെ രുചിച്ചുനോക്കുന്ന 'ബ്ലൈൻഡ്-ടേസ്റ്റിംഗ്' പ്രക്രിയയുടെ പേരിലാണ് ഈ അവാർഡുകൾ അറിയപ്പെടുന്നത്. ബിയറുകൾ ബ്രാൻഡിങ് ഇല്ലാതെയാണ് വിലയിരുത്തപ്പെടുന്നത്. ഗുണനിലവാരം, രുചി എന്നിവയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.