അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് 2024 വരെ ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്കു രാജ്യത്തു തുടരാൻ പാസ്പോർട്ട് വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2024 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയ ഹൈന്ദവർ, സിഖ് മത വിശ്വാസികൾ, ബുദ്ധമത വിശ്വാസികൾ, ജൈനൻമാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് ഇതു ബാധകം.പാസ്പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ഇവർക്ക് രാജ്യത്ത് തുടരാം.അടുത്തിടെ പാസാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025ന്റെ ചുവടുപിടിച്ചാണ് ഈ ഉത്തരവ്. പുതിയ നിയമം തിങ്കളാഴ്‌ച മുതൽ നിലവിൽ വന്നിരുന്നു.
മതപരമായ വേട്ടയാടലിൽനിന്നു രക്ഷപ്പെട്ട് ഇന്ത്യയിൽ എത്തിയവരാണ് ഇവർ. പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നപ്പോൾ ഇന്ത്യൻ പൗരനാകണമെങ്കിൽ 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയവർ ആകണമെന്ന് നിഷ്കർഷിച്ചിരുന്നു.
അതേസമയം, പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിൽ കഴിയാമെന്നാണ് പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട‌് പറയുന്നുണ്ടെങ്കിലും പൗരത്വം ഉറപ്പു നൽകുന്നില്ല.പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയ ഹൈന്ദവ വിഭാഗക്കാർക്ക്, പ്രത്യേകിച്ച് 2014നുശേഷം എത്തിയവർക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസമാകും.