മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ വിക്ടോറിസ് ഇന്ത്യയിൽ പുറത്തിറക്കി മാരുതി സുസുക്കി. ബ്രെസയ്ക്ക് മുകളിലായി സ്ഥാനം പിടിക്കുന്ന വിക്ടോറിസ്, ഇന്ത്യയിൽ അതിവേഗം വളരുന്ന മിഡ്-സൈസ് എസ്‌വി സെ ണ്മെന്റിൽ എതിരാളികൾക്ക് കടുത്ത വെല്ലുവെളി ഉയർത്തും. "വിജയം" എന്ന് അർഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് "വിക്ടോറിസ്" എന്ന പേര് ഉത്ഭവിച്ചത്.അരീന ഡീലർഷിപ്പ് ശൃംഖല വഴിയാകും ഈ എസ്‌യുവിയുടെ വിൽപന.
ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 5-സ്‌പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5-ലിറ്റർ നാച്ചുറലി ആസ്പ്‌പിറേറ്റഡ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും നൽകും. മികച്ച ഇന്ധനക്ഷമതയ്ക്കായി ഇ-സിവിടി ഗിയർബോക്‌സുമായി ഘടിപ്പിച്ച സ്ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റർ പെട്രോൾ യൂണിറ്റ് 116 ബിഎച്ച്‌പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎൻജി വേരിയന്റ്റ് 87 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കുമാണ് നൽകുക. ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനവും എസ്‌യുവിയിൽ ലഭ്യമാണ്.
ഭാരത് എൻക്യാപ് സുരക്ഷാ റേറ്റിങ്ങിൽ 5-സ്റ്റാർ നേടിയ ഈ വാഹനം, മുതിർന്നവരുടെ സുരക്ഷയ്ക്ക് 32-ൽ 31.66 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ൽ 43 പോയിന്റുറും കരസ്ഥമാക്കി. ആറ് എയർബാഗുകൾ, ലെവൽ 2 ADAS, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. വളവുകളിൽ വേഗത കുറയ്ക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഹൈ-ബീം അസിസ്റ്റ് എന്നിവ ADAS സംവിധാനങ്ങളിൽ ഉൾപ്പെടുന്നു.
10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ്റ് ക്ലസ്റ്റർ, 35-ൽ അധികം ആപ്പുകളുള്ള ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 60-ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകളുള്ള പുതിയ തലമുറ സുസുക്കി കണക്റ്റ് ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഇൻഫിനിറ്റി ബൈ ഹർമൻ 8-സ്പീക്കർ സിസ്റ്റം, പനോരമിക് സൺറൂഫ് ജെസ്റ്റർ കൺട്രോളോടു കൂടിയ സ്മാർട്ട് പവേർഡ് ടെയിൽഗേറ്റ്, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, എട്ട് രീതികളിൽ ക്രമീകരിക്കാവുന്ന പവേർഡ് വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, PM 2.5 എയർ പ്യൂരിഫയർ, അലക്സ വോയിസ് കമാൻഡ് ഇന്റഗ്രേഷൻ എന്നിവ പ്രധാന ഫീച്ചറുകളാണ്.
10 വ്യത്യസ്ത എക്സ്റ്റീരിയർ നിറങ്ങളിൽ വാഹനം ലഭ്യമാകും. ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച എൽഇഡി ഡിആർഎല്ലുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്ക്വയർ ആകൃതിയിലുള്ള വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പ് ഡിസൈൻ എന്നിവ വാഹനത്തിൻറെ ആകർഷകമായ സ്റ്റൈലിങ്ങിന് മാറ്റുകൂട്ടുന്നു.
മാരുതിയുടെ എസ്‌യുവി നിര ശക്തിപ്പെടുത്തുന്നതിൽ വിക്ടോറിസ് ഒരു നിർണായക ചുവടുവെപ്പാണെന്ന് വാഹനം പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ ഹിസാഷി ടാകൂചി പറഞ്ഞു. 2021 സാമ്പത്തിക വർഷത്തിൽ 8.9 ശതമാനമായിരുന്ന മാരുതിയുടെ എസ്‌യുവി വിപണി വിഹിതം 2025 സാമ്പത്തിക വർഷമായപ്പോഴേക്കും 28 ശതാമാനമായി വളർന്നിട്ടുണ്ട്. 100-ൽ അധികം രാജ്യങ്ങളിലേക്ക് വിക്ടോറിസ് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.