രാജ്യവിരുദ്ധപ്രവൃത്തികൾ, ചാരവൃത്തി, ബലാത്സംഗം, കൊലപാതകം, ഭീകരപ്രവർത്തനം, മനുഷ്യക്കടത്ത്, നിരോധിത ഭീകരസംഘടനയിലെ അംഗത്വം തുടങ്ങിയവയ്ക്ക് കുറ്റംചുമത്തപ്പെട്ട വിദേശികളെ ഇന്ത്യയിൽ കടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ഇന്ത്യയിൽ കഴിയാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവും വിദേശകാര്യമന്ത്രാലയം ഇറക്കി.
അടുത്തിടെ കൊണ്ടുവന്ന 'കുടിയേറ്റവും വിദേശികളും സംബന്ധിച്ച നിയമ പ്രകാരം, സംസ്ഥാനസർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും തടങ്കൽപ്പാളയങ്ങൾ സ്ഥാപിക്കണം. കുടിയേറ്റനിയമലംഘനങ്ങൾക്ക് അറസ്റ്റിലാകുന്ന വിദേശികളെ നാടുകടത്തുംവരെ പാർപ്പിക്കുന്നതിനാണിതെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഏതുതരം ഇന്ത്യൻ വിസയ്ക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡിനും അപേക്ഷിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ അപേക്ഷാവേളയിൽ അധികൃതർക്ക് കൈമാറണം. അതിർത്തിരക്ഷാസേനകളും തീരരക്ഷാസേനയും അനധികൃത കുടിയേറ്റക്കാരെ പിടികൂടി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കണം. അതിനുശേഷം അവരെ തിരിച്ചയക്കുകയും ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ നിർദിഷ്ട പോർട്ടലിലേക്കു കൈമാറുകയും വേണം.