റഷ്യയിൽനിന്ന് കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ( TASS) ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളേ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.
നിലവിൽ റഷ്യൻ നിർമിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നതിനേപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നതായി റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി - ടെക്നിക്കൽ കോർപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. എന്നാൽ, എത്ര എസ്-400 സംവിധാനങ്ങളാകും വാങ്ങുക എന്നതിനേപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല.
ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിർത്തികളിൽ വിന്യസിച്ചിരിക്കുകയാണ് നിലവിൽ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങൾ. രണ്ടെണ്ണം ചൈനിസ് അതിർത്തിയോട് ചേർന്നും ഒരെണ്ണം പാകിസ്തനിൽനിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനും വേണ്ടിയാണ് വിന്യസിച്ചിരിക്കുന്നത്. പുതിയതായി വാങ്ങുന്നുണ്ടെങ്കിൽ ചൈനിസ് അതിർത്തിയിൽ രണ്ടെണ്ണം കൂടി വിന്യസിച്ചേക്കും.
2018-ൽ അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 550 കോടി ഡോളറിന്റെ ( ഏകദേശം 48,426 കോടി രൂപ) ഇടപാടിനാണ് അന്ന് ഒപ്പുവെച്ചത്. കരാർ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകൾ കൂടി ഇന്ത്യയ്ക്ക് റഷ്യ കൈമാറേണ്ടതുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് ഇത് വൈകുന്നുണ്ട്. 2027-ഓടെ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങൾ ഇന്ത്യയ്ക്ക് റഷ്യ കൈമാറിയേക്കും.