Drisya TV | Malayalam News

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉടൻ മാറുമെന്ന് റിപ്പോർട്ട്

 Web Desk    30 Aug 2025

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉടൻ മാറുമെന്ന് റിപ്പോർട്ട്. ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോർട്ടിലാണ് ഇന്ത്യ 2038 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നത്. 2038 ഓടെ 34.2 ട്രില്യൺ ഡോളർ ജിഡിപിയുമായി ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മേൽ യു.എസ് 50 ശതമാനം താരിഫ് അടിച്ചേൽപ്പിച്ചതിന്റെ പ്രതിസന്ധികൾ നിലനിൽക്കുന്ന സമയത്താണ് റിപ്പോർട്ട് പുറത്തുവന്നത്.

ശക്തമായ സാമ്പത്തിക അടിത്തറ, തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങളുടെ ഉയർന്ന ശതമാനം, സുസ്ഥിരമായ സാമ്പത്തിക നില എന്നിവ ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ ശക്തമായി വളരുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ നിലവിലെ സാമ്പത്തിക വളർച്ച തുടർന്നും നിലനിർത്തുകയാണെങ്കിൽ 2038ൽ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് പ്രവചനം.

ലോകത്തെ മറ്റ് വലിയ സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ചില കാര്യങ്ങൾ അനുകൂലമാണ്. 2025ലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ആളുകളുടെ ശരാശരി പ്രായം എന്നത് 28.8 വയസാണ്. അതായത് പതിറ്റാണ്ടുകളോളം ഇന്ത്യയിൽ തൊഴിലെടുക്കാൻ ശേഷിയുള്ള ആളുകളുടെ എണ്ണം കൂടുതലായിരിക്കും എന്നർഥം.

യുഎസ്, ചൈന, ജർമനി, ജപ്പാൻ തുടങ്ങിയ വലിയ സമ്പദ്വ്യവസ്ഥകൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നില്ല. ഉദാഹരണത്തിന് ചൈനയിൽ പ്രായമാകുന്നവരുടെ ജനസംഖ്യ കൂടിക്കൂടി വരുന്നു. ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മറിച്ച് യു.എസ് നേരിടുന്നത് ഭീമമായ കടത്തിനെയാണ്. ഈ രാജ്യങ്ങളെല്ലാം ആഗോള വ്യാപാരത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതിലുണ്ടാകുന്ന ഏത് പ്രതിസന്ധികളും ആ രാജ്യങ്ങളെ തകർച്ചയിലേക്ക് നയിച്ചേക്കാം.

എന്നാൽ ഇന്ത്യയുടെ സ്ഥിതി മറ്റൊരു തലത്തിലാണ്. യുവാക്കളുടെ എണ്ണം, ഉയർന്ന ആഭ്യന്തര ഉപഭോഗം, സാമ്പത്തികമായ മികച്ച അടിത്തറ എന്നിവ ശോഭനമായൊരു ഭാവിയാണ് ഇന്ത്യയ്ക്കായി ഒരുക്കിയിരിക്കുന്നത്. 2047 ഓടെ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഈ ലക്ഷ്യം ഇന്ത്യ കൈവരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഉയർന്ന യുവജന സംഖ്യ, വർധിച്ചുവരുന്ന ആഭ്യന്ത ഉപഭോഗം, സാമ്പത്തിക അച്ചടക്കം, ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങിയവ ഇന്ത്യയെ ലോകത്തെ മികച്ച സമ്പദ്വ്യവസ്ഥകളിലൊന്നാക്കി ഉയർത്തുമെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News