ബസ് കോച്ചുകൾക്ക് ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ഇത്തരം പരിശോധന പൂർത്തിയാക്കിയ മോഡലുകൾക്കേ ഇനി രജിസ്റ്റർചെയ്യാനാകൂ. ഡ്രൈവറടക്കം പതിന്നാലോ അതിനുമുകളിലോ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന വാഹനങ്ങൾക്കാണ് ഈ നിബന്ധന ബാധകം.
2017-ൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഏർപ്പെടുത്തിയ ബസ് ബോഡി കോഡ് പ്രകാരമാണ് കോച്ചുകൾ നിർമിക്കേണ്ടത്. എന്നാൽ, നിബന്ധന നിർബന്ധമാക്കിയിരുന്നില്ല. മാനദണ്ഡപ്രകാരമാണ് നിർമിക്കുന്നതെന്ന് ബസ് നിർമാണകേന്ദ്രങ്ങൾ നൽകുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് ഇതുവരെ രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. ഓഗസ്റ്റുമുതൽ കോച്ച് നിർമാണകേന്ദ്രത്തിനും അവരുടെ മോഡലിനും കേന്ദ്രസർട്ടിഫിക്കറ്റ് നിർബന്ധമാണ്.
അംഗീകൃത കോച്ച് നിർമാതാക്കളുടെ വാഹനങ്ങൾ പുണെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ(എആർഎഐ) പരിശോധനാകേന്ദ്രത്തിൽ കർശന സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ബസ് അപകടത്തിൽപ്പെടുമ്പോൾ കോച്ചിനുണ്ടാകുന്ന കേടുപാടുകൂടി വിലയിരുത്തിയാണ് അംഗീകാരം നൽകുന്നത്. ഭൂരിഭാഗം കോച്ച്നിർമാതാക്കളും ഇത്തരം പരിശോധനനടത്തി മോഡലുകൾക്ക് അംഗീകാരം നേടിയിട്ടില്ലെന്നാണ് മോട്ടോർ വാഹനവകുപ്പിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.ബസുകളുടെ സുരക്ഷാനിലവാരം നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. നേരത്തേ ബസുകളുടെ അളവുമാത്രമാണ് പരിശോധിച്ചിരുന്നത്. ഇതിനുപകരം നിർമാണഘടകങ്ങളുടെ നിലവാരം നിശ്ചയിച്ചും നിർമാണനിലവാരം ഉയർത്തിയും സുരക്ഷ കർശനമാക്കും.