Drisya TV | Malayalam News

വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ പോയി,വ്യാപാരിക്ക് 36,500 രൂപ പിഴ

 Web Desk    30 Jun 2025

സഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ കളർ പോയതിനെ തുടർന്ന് പരാതിപെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിർകക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസ്, ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ ചടങ്ങിൽ ധരിച്ച സാരിയുടെ കളർ പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ആണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവർത്തനങ്ങളുടെ നേർക്ക് നിശബ്ദമായിരിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനായ, വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായും കോടതി ചിലവിലേക്കും 20,000 രൂപ 45 ദിവസത്തിനകം നൽകണമെന്നും ബെഞ്ച് ഉത്തരവ് നൽകി.

  • Share This Article
Drisya TV | Malayalam News