തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് പിതൃത്വ അവധി (Paternity Leave) പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് ഉത്തരവിറക്കി. പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ അവധിയാണ് അനുവദിച്ചത്.വനിതാ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി നൽകുന്നുണ്ട്. ഇതിന് സമാനമായി പുരുഷ സർക്കാർ ജീവനക്കാർക്കും പിതൃത്വ അവധി അനുവദിക്കണമെന്ന ആവശ്യം സർക്കാർ ജീവനക്കാരിൽ നിന്ന് ഉയർന്നിരുന്നു. കുഞ്ഞിന്റെ ജനനസമയവും അതിനുശേഷമുള്ള ആദ്യകാലവും മാതാവിനും കുഞ്ഞിനും ഏറെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തിൽ അമ്മയ്ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതിനൊപ്പം കുഞ്ഞിന്റെ പരിചരണത്തിലും പിതാവിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നത് മാതൃത്വത്തിനും കുഞ്ഞിന്റെ ക്ഷേമത്തിനും സർക്കാർ നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. അതുപോലെ പുരുഷ സർക്കാർ ജീവനക്കാർക്കും പിതൃത്വ അവധി അനുവദിക്കുന്നത് കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും കുഞ്ഞിന്റെ വളർച്ചയിൽ പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുമെന്നും ഉത്തരവിലുണ്ട്.കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതൽ അല്ലെങ്കിൽ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറു മാസത്തിനുള്ളിൽ ഈ അവധി പ്രയോജനപ്പെടുത്താവുന്നതാണ്.