Drisya TV | Malayalam News

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്

 Web Desk    26 Nov 2026

ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പ് ഉപയോഗിക്കണമെന്ന നിർദേശത്തോട് വിയോജിച്ച് ക്ഷേത്ര ട്രസ്റ്റ്. ഇത് പൊങ്കാലയുടെ പരമ്പരാഗത രീതിക്ക് വിരുദ്ധമാണെന്നും പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ട്രസ്റ്റ് സെക്രട്ടറി വി എൽ വിനോദ് വ്യക്തമാക്കി.

ഇരുമ്പ് അടുപ്പുകൾ സൗജന്യമായി വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി ചിലർ എത്തിയെങ്കിലും ട്രസ്റ്റ് അംഗീകരിച്ചില്ല. ചുടുകട്ട ഉപയോഗിച്ച് അടുപ്പൊരുക്കി മൺകലത്തിൽ പൊങ്കാല അർപ്പിക്കുന്നതാണ് ഭക്തർ പിന്തുടരുന്ന രീതി. ഇരുമ്പ് അടുപ്പിലേക്ക് മാറുന്നത് ഭക്തരുടെ ചെലവ് വർധിപ്പിക്കുമെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടി. നിലവിൽ 50 രൂപയുള്ള ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പിന് ഏകദേശം 150 രൂപ ചെലവാകുമെന്നാണ് വിലയിരുത്തൽ.

പൊങ്കാലയ്ക്ക് ശേഷം ഉപയോഗിച്ച ചുടുകട്ടകൾ നഗരസഭ ശേഖരിച്ച് പാവപ്പെട്ടവരുടെ വീടുനിർമാണത്തിന് നൽകുന്ന പതിവുമുണ്ട്.അതേസമയം, പൊങ്കാല അടുപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ക്ഷേത്ര തന്ത്രിയും ട്രസ്റ്റുമാണെന്ന് മേയർ വി വി രാജേഷ് പറഞ്ഞു. ഇരുമ്പ് അടുപ്പ് ഉപയോഗിക്കണമെന്ന് നഗരസഭ നിർദേശിച്ചിട്ടില്ലെന്നും അവലോകന യോഗത്തിൽ ഉയർന്നുവന്ന അഭിപ്രായം മാത്രമാണ് മാധ്യമങ്ങളോട് പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ നഗരസഭ ഇടപെടില്ലെന്നും മേയർ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News