Drisya TV | Malayalam News

ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് സ്കൂളിൽ കൊണ്ട് വന്നതിന് വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

 Web Desk    24 Nov 2026

പാലക്കാട്ട് സ്കൂളിലെ വെടിവയ്പ്പിൽ കുട്ടി മനഃപൂർവം വെടിയുതിർത്തതല്ലെന്ന് വിശദീകരിച്ച് പൊലീസ്. തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണ്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണ് പൊട്ടിയത്. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്ഐ സത്യജിത്ത് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ നാളെ ഹാജരാക്കും. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിർത്തത്. ബാക്കി തിരകൾ തോക്കിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ചാണ് സഹപാഠിയുടെ വെടിയേറ്റത്. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

  • Share This Article
Drisya TV | Malayalam News