Drisya TV | Malayalam News

നൈറ്റ് ലൈഫും പാർട്ടികളും പൂർണമായി വിലക്കാനാവില്ലെന്നും ഹൈക്കോടതി

 Web Desk    16 Nov 2026

ഡിജെ പാർട്ടികളും രാത്രി ജീവിതവുമൊക്കെ പ്രശ്നമാണെന്നും അതുകൊണ്ട് അവയൊന്നും പാടില്ലെന്ന് പറയുന്ന 'പൊലീസ് രാജ്' അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. ലഹരി ഉപയോഗം ഉണ്ടെന്ന് ആരോപിച്ച് ആഘോഷങ്ങൾ വിലക്കുകയല്ല, മറിച്ച് ലഹരി ഉപയോഗം തടയുക എന്നതാണ് പ്രധാനമെന്ന് കോടതി ഓർമിപ്പിച്ചു. ബാറുകളിൽ മാത്രമല്ല, പള്ളികളിലും അമ്പലങ്ങളിലുമൊക്കെ ഉത്സവങ്ങൾ നടക്കുമ്പോൾ ആളുകൾ സന്തോഷത്തോടെ ഒത്തുകൂടുന്നതും നൃത്തം ചെയ്യുന്നതും സ്വാഭാവികമാണ്. അവിടെയെല്ലാം ലഹരി ഉപയോഗം ഉണ്ടെന്ന് ആരോപിച്ച് നൈറ്റ് ലൈഫും പാർട്ടികളും പൂർണമായി വിലക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പഞ്ചനക്ഷത്രബാറുകളുടെ പ്രവർത്തനത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ പരിഗണിച്ചത്. നക്ഷത ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കും പ്രവർത്തന സമയത്തിനും നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നേരത്തെ നോട്ടിസുകൾ നൽകിയിരുന്നു. ഇതാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

പൊലീസിന്റെ ഭാഗത്തുനിന്നും മുൻകൂട്ടി അനുമാനിച്ചുള്ള 'സ്റ്റീരിയോടൈപ്പ്' നടപടികളാണ് പലപ്പോഴും ഉണ്ടാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.ഏതെങ്കിലും ഒരു സ്ഥലത്ത് തെറ്റ് നടന്നു എന്ന് കരുതി എല്ലാ ആഘോഷങ്ങളെയും സംശയത്തോടെ വീക്ഷിക്കുന്നതും നൈറ്റ് ലൈഫ് പൂർണമായി നിരോധിക്കുന്നതും അംഗീകരിക്കാനാവില്ല. വിന്തുണയ്ക്കുമ്പോൾ തന്നെ, അകാരണമായ നിയന്ത്രണങ്ങളും പോലീസ് രാജും അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഡിജെ പാർട്ടികൾ നടത്തുമ്പോൾ പ്രത്യേക ലൈസൻസിങ് ആവശ്യമില്ലാത്ത സാഹചര്യങ്ങളും മദ്യം ലഭ്യമല്ലാത്ത വെജിറ്റേറിയൻ റസ്റ്ററന്റുകളിലും കുടുംബയോഗങ്ങളിലും നടക്കുന്ന പാർട്ടികളെല്ലാം നിയമപരമായി എങ്ങനെ തടയാൻ സാധിക്കുമെന്നും കോടതി ചോദിച്ചു.സ്വകാര്യ സ്ഥലങ്ങളിൽ പാർട്ടി നടത്തുമ്പോൾ പാലിക്കേണ്ട കൃത്യമായ നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. ലഹരിക്കെതിരെ കർശനമായ ‘സീറോ ടോളറൻസ് നയം’ തുടരുമ്പോഴും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും ആഘോഷങ്ങളെയും അടിച്ചമർത്തുന്ന രീതിയിലുള്ള അമിത പോലീസിങ് ഒഴിവാക്കണമെന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. എന്നാൽ ഏത് ആഘോഷമാണെങ്കിലും ലഹരി ഉപയോഗം തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News