മണ്ഡല– മകരവിളക്കു തീർഥാടനത്തിനു തുടക്കം കുറിച്ചു ശബരിമല ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്നു ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്നു പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കുന്ന ചടങ്ങ് നടക്കും. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ.ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കും.
നിലയ്ക്കലിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്കാണ് ഇപ്പോഴുള്ളത്. രണ്ടു ദിവസം മുൻപേ ഇവിടേക്ക് ഭക്തർ എത്തിയിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞു മാത്രമേ ഭക്തരെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തി വിടുകയുള്ളു. ശബരിമലയിൽ ഡ്യൂട്ടിക്കായി 5000ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.ഇന്ന് മാത്രം ദർശനത്തിനു 30,000 പേർ ബുക്ക് ചെയ്തിട്ടുണ്ട്. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു 12നു മാത്രമേ നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു പോകാൻ അനുവദിക്കുകയുള്ളൂ. നാളെ മുതൽ പ്രതിദിനം 80,000 പേർക്കാണു ദർശനം. വെർച്വൽ ക്യു വഴി 60,000, നിലയ്ക്കൽ സ്പോട് ബുക്കിങ് വഴി 10,000, എരുമേലി, പുല്ലുമേട് കാനനപാത വഴി 3000 വീതം ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ സത്രം വഴി ദിവസം 2000 പേർക്കും അനുമതിയുണ്ട്. പമ്പയിൽ സ്പോട്ബുക്കിങ് സൗകര്യം ഇല്ല.
എല്ലാ ദിവസവും പുലർച്ചെ 3നു നടതുറക്കും, 3.30 മുതൽ 11 വരെയാണു നെയ്യഭിഷേകം. ഉച്ചപൂജയ്ക്കു ശേഷം ഒന്നിനു നട അടച്ചാൽ വൈകിട്ട് 3നു വീണ്ടും തുറക്കും. രാത്രി 11നു ഹരിവരാസനം. മകരവിളക്ക് ജനുവരി 14ന് ആണ്. തീർഥാടനം പൂർത്തിയാക്കി 20ന് രാവിലെ 7ന് നട അടയ്ക്കും.