Drisya TV | Malayalam News

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു 

 Web Desk    9 Nov 2026

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു. നാല് വിദ്യാർഥിനികളും ഒരു വനിതാ വാർഡനുമാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണസംഭവം.തിരുവണ്ണാമലൈക്ക് സമീപമുള്ള പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനുമാണ് മുങ്ങിമരിച്ചത്. ഈ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ നാല് വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്.

ദീപാവലി പ്രമാണിച്ച് വിദ്യാർഥിനികൾക്ക് അവധി നൽകിയിരുന്ന സമയത്താണ് അപകടമുണ്ടായത്. നാല് വിദ്യാർഥിനികളും സംരക്ഷണ കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയോടൊപ്പം കുളിക്കാനായി സമുത്തിരം തടാകത്തിലേക്ക് പോയതായിരുന്നു. എന്നാൽ, കുളിക്കുന്നതിനിടെ വിദ്യാർഥിനികൾ അബദ്ധത്തിൽ തടാകത്തിൽ മുങ്ങിപ്പോവുകയായിരുന്നു.കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡൻ തേന്മൊഴിയും മുങ്ങിമരിച്ചത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെടുത്തു.

  • Share This Article
Drisya TV | Malayalam News