Drisya TV | Malayalam News

ഡൽഹിയിലെ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു

 Web Desk    9 Nov 2026

ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. നരേല സ്വദേശിയായ ഋഷി എന്ന കുട്ടിയാണ് ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന തരം റോക്കറ്റ് പടക്കത്തിനു തീക്കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മുകളിലേക്ക് പോകുന്നതിനു പകരം റോക്കറ്റ് കുട്ടിയുടെ നെഞ്ചിലേക്ക് നേരിട്ട് വന്ന് പതിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ നരേലയിലെ സത്യവാദി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ വീഴ്ചയാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് കുടുംബം ആരോപിച്ചു. അടിയന്തരമായി ചികിത്സ നൽകേണ്ട ഘട്ടത്തിൽ ഡോക്ടർമാർ അനാസ്ഥയോടെയാണ് പെരുമാറിയതെന്ന് ഋഷിയുടെ മൂത്ത സഹോദരൻ മോഹിത് പറഞ്ഞു. ‘‘ഗുരുതരാവസ്ഥയിലായിരുന്ന എന്റെ അനിയനെ പരിശോധിക്കാൻ ഡോക്ടർമാർ ഓടിയെത്തിയില്ല. അവർ വളരെ പതുക്കെ നടന്നു വന്ന് അവന്റെ നെഞ്ചിൽ വെറുതെ അമർത്തുക മാത്രമാണ് ചെയ്തത്’’ – മോഹിത് കുറ്റപ്പെടുത്തി. കുട്ടി മരിച്ചെന്ന വാർത്ത കേട്ടയുടൻ പിതാവ് ബോധരഹിതനായി വീണു. കുട്ടിക്ക് അപ്പോഴും ശ്വാസമുണ്ടായിരുന്നുവെന്നും കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മാതാവ് അഞ്ജലിയും പറഞ്ഞു.

  • Share This Article
Drisya TV | Malayalam News