ഡൽഹിയിലെ സ്കൂളിൽ ഒമ്പതുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഗെയിംസ് പീരീഡ് കഴിഞ്ഞതിനു ശേഷം ക്ലാസ്മുറിയിൽ തിരിച്ചെത്തിയയുടൻ മൂന്നാംക്ലാസുകാരി കുഴഞ്ഞുവീഴുകയായിരുന്നു.
ക്ലാസ്മുറിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അവശയായി ക്ലാസിലേക്കു വരുന്ന കുട്ടി അരയിൽ കൈകളൂന്നി നിൽക്കുന്നതും തുടർന്നു തറയിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതു കണ്ട അധ്യാപികയും മറ്റ് വിദ്യാർഥികളും ഓടിയെത്തി കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും കസേരയിൽ ഇരുത്തുന്നതും മുഖത്ത് വെള്ളം തളിക്കുന്നതുമാണു വിഡിയോയിലുള്ളത്. എന്നിട്ടും കുട്ടി എഴുന്നേൽക്കാത്തതോടെ മറ്റ് സ്കൂൾ ജീവനക്കാർ ചേർന്നു വിദ്യാർഥിനിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിയെ പ്രവേശിപ്പിക്കാൻ ഈ ആശുപത്രി അധികൃതർ തയാറാകാതിരുന്നതോടെ നിർമൻ വിഹാറിലെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അവിടെ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക വിവരം.