Drisya TV | Malayalam News

റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടി, കാറിനു തീയിട്ടു

 Web Desk    30 Oct 2026

റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ, മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. യുവാവ് സഞ്ചരിച്ച കാർ തീവച്ചുനശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാരായമുട്ടം പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊല്ലയിൽ കൊടവിളാകത്തായിരുന്നു സംഭവം. വീട്ടിലേക്ക് വരികയായിരുന്ന പ്രദീപ്, നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെടുകയായിരുന്നു. അവർ അസഭ്യം പറഞ്ഞതു ചോദ്യംചെയ്തതോടെ പ്രദീപിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്. പലതും ആഴമേറിയ മുറിവുകളാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ബഹളം കേട്ട് എത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികൾ കാറിന് തീയിട്ടെന്നും പൊലീസ് പറഞ്ഞു. പ്രദീപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ്. കാർ പൂർണമായും കത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്നാണ് ആക്രമണമെന്നും പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News