കള്ള് ഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള അബ്കാരി ചട്ടത്തിലെ വകുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി. സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം ഉറപ്പാക്കുക എന്ന പേരിൽ ഏതെങ്കിലും മേഖലയിൽ നിന്ന് അവരെ പാടെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
അബ്കാരി ഷാപ്പ് ഡിസ്പോസൽ റൂൾസിലെ വകുപ്പ് 7(37) ആണ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. തൃശൂർ സ്വദേശിനി സോഫി (47) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി.ഇഷ്ടമുള്ള തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ തടഞ്ഞുകൊണ്ടല്ല സർക്കാർ തങ്ങളുടെ ബാധ്യത നിറവേറ്റേണ്ടത്. മറിച്ച് അവർക്ക് ചൂഷണങ്ങളില്ലാത്ത സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കിക്കൊടുത്താണ്.
മുൻപ് വിദേശമദ്യ ഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതേ മാതൃകയിൽ കള്ള് ഷാപ്പുകളിലും ലിംഗവിവേചനം നീതീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.തൊഴിലിടങ്ങളിൽ പീഡനങ്ങളോ ചൂഷണങ്ങളോ ഉണ്ടാകാം എന്ന കാരണം പറഞ്ഞ് സ്ത്രീകളുടെ തൊഴിൽ ചെയ്യാനുള്ള ഭരണഘടനാ അവകാശം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് ഹൈക്കോടതി ഓർമിപ്പിച്ചു.