കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ഗുട്ക തുപ്പുന്നതിനിടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുള്ള ഗഞ്ച്ബസോദയിലാണ് സംഭവം. ഛത്തർപൂർ സ്വദേശിയായ പ്രഭുലാൽ ഗുപ്ത (65) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഗായത്രി നഗറിലെ വാടകവീട്ടിലായിരുന്നു അപകടം. മൂന്നാം നിലയിലെ ബാൽക്കണിയിൽനിന്ന് ഇയാൾ ഗുട്ക ചവച്ച് തുപ്പിയപ്പോൾ, തൊട്ടടുത്തുകൂടി കടന്നുപോകുന്ന 11 കെവി ഹൈടെൻഷൻ ലൈനുമായി സമ്പർക്കമുണ്ടാവുകയും ഇയാളിലേക്ക് അതിശക്തമായി വൈദ്യുതി പ്രവഹിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഗുപ്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായ പ്രഭുലാൽ കഴിഞ്ഞ പത്ത് വർഷമായി ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഗുട്ക തുപ്പുമ്പോഴുണ്ടാകുന്ന സ്രവധാരയിലൂടെ വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുണ്ടെന്നാണ് ഇലക്ട്രിക്കൽ വിദഗ്‌ധർ വ്യക്തമാക്കുന്നത്. ഉമിനീരിലടങ്ങിയിരിക്കുന്ന ഈർപ്പവും ലവണങ്ങളും വൈദ്യുതി കടത്തിവിടാൻ പര്യാപ്തമായവയാണ്. സ്രവം ഹൈടെൻഷൻ ലൈനിൽ തുടർച്ചയായി സ്പർശിക്കുന്ന സാഹചര്യമുണ്ടായാൽ അത് ഒരു ചാലകമായി പ്രവർത്തിച്ച് ശരീരത്തിലേക്ക് വൈദ്യുതി കടന്നുപോകാം. മാത്രമല്ല, അനുകൂല സാഹചര്യങ്ങളിൽ 11 കെവി ലൈനുകളിൽ നിന്ന് ഇലക്ട്രിക്കൽ ആർക്കിങ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. വീടിൻ്റെ ബാൽക്കണി ലൈനിന് വളരെ അടുത്താണെങ്കിൽ വായുവിലൂടെ തന്നെ വൈദ്യുതി പ്രവഹിക്കാമെന്നും, ശരീരത്തിലൂടെ വൈദ്യുതി കടന്നുപോയാൽ മാരകമായി പൊള്ളലേൽക്കാനും മരണം സംഭവിക്കാനും ഇടയാക്കുമെന്നും ഇവർ വിശദീകരിച്ചു.