Drisya TV | Malayalam News

ചേരാനല്ലൂർ അപകടം : പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു

 Web Desk    27 Oct 2026

ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് സംഘം ഇയാളിൽനിന്ന് ചോദിച്ചറിഞ്ഞു. ഇതിനൊപ്പം അപകടമുണ്ടാക്കിയ 17-കാരന്റെ വിശദമായ മൊഴിയും പോലീസ് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്നും കൊതികൊണ്ടാണ് പിതാവിന്റെ കാർ അറിയാതെ എടുത്തുകൊണ്ടുപോയതെന്നുമെല്ലാമാ ണ് പ്രതി മൊഴി നൽകിയത്.

എന്നാൽ കുട്ടിയുടെ മൊഴി പോലീസ് പൂർണമായി വിശ്വസിക്കുന്നില്ല. യൂട്യൂബ് വീഡിയോകൾ കണ്ടുമാത്രം ഒരാൾക്ക് വാഹനം ഓടിക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ അനുമാനം. ഇതിനുമുമ്പും കുട്ടി വാഹനം ഓടിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. 'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ' എന്ന് കുട്ടി പറയുന്ന ഒരു വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നതായും വിവരമുണ്ട്.മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജിയുടെ മൊഴി. എന്നാൽ ജഡ്ജി നൽകിയ ഈ മൊഴിയും പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. കേസിന്റെ അന്വേഷണം ഇപ്പോൾ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ നടപടികളുമായി അതിവേഗം മുന്നോട്ട് പോവുകയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇപ്പോൾ അന്വേഷണസംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേസ് അന്വേഷണ സംഘം വിവിധ പരിശോധനകൾ നടത്തിവരികയാണ്.

  • Share This Article
Drisya TV | Malayalam News