Drisya TV | Malayalam News

സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന വിഷയം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

 Web Desk    26 Oct 2026

സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന വിഷയം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ അറിയിച്ചു. കനം കുറഞ്ഞ പേപ്പറുകൾ ഉപയോഗിച്ച് പാഠപുസ്തകം പ്രിന്റ് ചെയ്യുന്നതാലോചിക്കുന്നുണ്ടെന്നും ടേം വ്യവസ്ഥയിൽ പുസ്തകങ്ങൾ വേർതിരിക്കാനുദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസാടിസ്ഥാനത്തിലോ അർദ്ധവാർഷികാടിസ്ഥാനത്തിലോ ഉള്ള പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി പാഠപുസ്തകം തയ്യാറാക്കുന്നത് സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ ഏറിയാട് ജി.കെ. വി.എച്ച്.എസ്.എസിലെ സ്കൂൾ ലീഡർ മുംതസീർ കൈപമംഗലം എം.എൽ.എ. കെ.കെ. വത്സരാജിന് നൽകിയ നിവേദനമാണ് റൂൾ 113 പ്രകാരം നിയമസഭയിൽ ചർച്ചയായത്. ഈ വിഷയത്തിൽ ചർച്ച നടത്താൻ നവംബർ 24ന് യോഗം വിളിച്ചുച്ചേർക്കുമെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.

സ്കൂ‌ൾ കുട്ടികൾ ചുമക്കുന്ന ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക മാർഗ്ഗനിർദ്ദേശമാണ് ദേശീയ സ്കൂൾ ബാഗ് നയം. ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഉറപ്പാക്കാനാണ് ഈ നയം ലക്ഷ്യമിടുന്നത്. എൻ.സി.ഇ.ആർ.ടിയുടെ ശുപാർശ പ്രകാരമാണ് ഇത്തരമൊരു നയം സർക്കാർ തയ്യാറാക്കിയത്.ബാഗുകളുടെ ഭാരം കൃത്യമായി പരിശോധിക്കാൻ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ത്രാസുകൾ ഉണ്ടായിരിക്കണമെന്നും വർഷത്തിൽ 10 ദിവസങ്ങൾ ബാഗുകളില്ലാതെ വായനയ്ക്കും മറ്റു പ്രവർത്തികൾക്കുമായി മാറ്റിവെക്കണമെ ന്നും നയത്തിൽ പറയുന്നു. ദിവസവും എല്ലാ പുസ്തകങ്ങളും കൊണ്ടുവരാത്ത രീതിയിൽ ടൈംടേബിളുകൾ ക്രമീകരിക്കണം. സ്‌കൂളുകളിൽതന്നെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇതുവഴി കുട്ടികൾ വലിയ വാട്ടർ ബോട്ടിലുകൾ ചുമന്നുകൊണ്ട് വരുന്നത് ഒഴിവാക്കാം. സ്റ്റെപ്പുകൾ കയറുമ്പോഴും മറ്റും കുട്ടികൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ചക്രങ്ങളുള്ള ട്രോളി ബാഗുകൾ ഉപയോഗിക്കാൻ പാടില്ലെന്നും ഇരു തോളുകളിലും തുല്യമായി ഭാരം വരുന്ന പാഡുകളുള്ള സ്ട്രാപ്പുള്ള സാധാരണ ബാഗുകളാണ് നല്ലതെന്നും സ്കൂൾ ബാഗ് നയം ചൂണ്ടിക്കാട്ടുന്നു.

  • Share This Article
Drisya TV | Malayalam News