ബേക്കറികൾ വഴി വീര്യം കൂടിയ ഫോർട്ടിഫൈഡ് വൈൻ വിൽക്കാനുള്ള മുൻ സർക്കാരിൻ്റെ തീരുമാനം പുനഃപരിശോധിക്കാൻ യുഡിഎഫ് സർക്കാർ. അടിയന്തര നടപടിയുടെ ഭാഗമായി ഫോർട്ടിഫൈഡ് വൈൻ വിതരണം ചെയ്ത ചാലക്കുടിയിലെ വിജയലക്ഷ്മി ബേക്കറിയുടെ വിൽപന ലൈസൻസ് റദ്ദാക്കാനും എക്സൈസ് കമ്മിഷണർക്ക് വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ അബ്കാരി ഡെപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽ കുമാറിനെ ചുമതലയിൽനിന്ന് മാറ്റാനും തീരുമാനമായി. ബേക്കറികൾ വഴി വൈൻ വിൽക്കാൻ അനുമതി നൽകിയ ചട്ടഭേദഗതി പൂർണമായി റദ്ദാക്കുന്നതിനായി സർക്കാർ അടിയന്തരമായി നിയമോപദേശവും തേടും.
ബേക്കറികൾ വഴി ഫോർട്ടിഫൈഡ് വൈൻ വിതരണം ചെയ്യുന്നത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും സംഭവത്തിൽ എക്സൈസ് കമ്മിഷണറോട് അടിയന്തര റിപ്പോർട്ട് തേടിയതായും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കിയിരുന്നു. പുതിയ എക്സൈസ് കമ്മിഷണർ ശ്രീറാം സാമ്പശിവറാവു ചുമതലയേറ്റ് രണ്ടു ദിവസത്തിനകമാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.
15 മുതൽ 20 ശതമാനംവരെ ആൽക്കഹോൾ അടങ്ങിയ വീര്യം കൂടിയ വൈൻ ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമാക്കുന്നത് സമൂഹത്തിന് ദോഷകരമാണെന്നും ഇത് നിലവിലെ സർക്കാരിന്റെയോ യുഡിഎഫിന്റെയോ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിനെയോ മന്ത്രിയെയോ അറിയിക്കാതെ ഉദ്യോഗസ്ഥതലത്തിൽ ഇത്തരമൊരു നയപരമായ തീരുമാനമെടുത്തതിൽ മുഖ്യമന്ത്രിയും അതൃപ്തി പ്രകടിപ്പിച്ചു.
2024 ജനുവരിയിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ഫോർട്ടിഫൈഡ് വൈൻ വിൽപനക്കായി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയത്. കർഷകരുടെ ആവശ്യപ്രകാരം ഹോർട്ടി വൈൻ ഉൽപാദനത്തിനും വിപണനത്തിനും അനുമതി നൽകാനാണ് അന്ന് തീരുമാനിച്ചതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. തുടർന്ന് 2024 നവംബറിൽ ലൈസൻസിനായി അപേക്ഷ ക്ഷണിക്കുകയും ചാലക്കുടിയിലെ ബേക്കറി അടക്കം നാല് സ്ഥാപനങ്ങൾ അപേക്ഷ നൽകുകയും ചെയ്തു. തുടർന്ന് ജൂൺ മാസത്തിലാണ് ഇതിനുള്ള ലൈസൻസ് അനുവദിച്ചത്. കഴിഞ്ഞ ദിവസം ചാലക്കുടിയിലെ ബേക്കറിയിൽ വിൽപന ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും തുടർന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികളുണ്ടാകുന്നതും.