Drisya TV | Malayalam News

ദുർഗാ പൂജയ്ക്കിടെ ദുരന്തം: സംഘാടകർ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

 Web Desk    18 Oct 2026

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സംഘാടകർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. ചോർബഗൻ ദുർഗാ പൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാർ സേവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ, പന്തലിന്റെ മുളകൊണ്ടുള്ള നിർമാണത്തിനു നേതൃത്വം നൽകിയ ബിപ്ലബ് മുഖർജി, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, കൂടാതെ സ്വകാര്യ സെക്യൂരിറ്റി ഇൻചാർജുമാരായ സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായത്.

പൂജ സംഘാടകർ മൈക്കിലൂടെ നടത്തിയ അനൗൺസ്മെന്റാണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും പെട്ടെന്ന് ആളുകൾ ഒത്തുകൂടി ദുരന്തമുണ്ടാകാൻ കാരണമായതുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ പരുക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എന്താണ് അനൗൺസ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. പന്തലിലുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ ഉച്ചത്തിൽ വിസിലടിച്ചതും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതായി മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.

ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. ശനിയാഴ്ച വൈകിട്ട് കൊൽക്കത്തയിലെത്തിയ അമിത് ഷാ ഞായറാഴ്ച വിവിധ പൂജ പന്തലുകൾ സന്ദർശിക്കേണ്ടതായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെ ജനത്തിരക്കേറിയ നിരവധി പ്രമുഖ ദുർഗാ പൂജ പന്തലുകൾ താൽക്കാലികമായി അടച്ചിടാൻ സർക്കാർ നിർദേശം നൽകി.

  • Share This Article
Drisya TV | Malayalam News