നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചു എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ പ്രേരണ ചെലുത്തിയ കുറ്റത്തിന് അറസ്റ്റിലായ 2, 3, 4 പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്നലെ പരിഗണിച്ചത്.
അതേസമയം, 23 വയസ്സിൽ താഴെയുള്ള പ്രതികൾക്ക് മദ്യം വിളമ്പിയതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസിന് ഹർജിക്കാർ നൽകിയ മറുപടി പരിശോധിച്ച് 7 ദിവസത്തിനകം തീരുമാനമെടുക്കാൻ എക്സൈസ് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി.
അന്വേഷണം ഇപ്പോഴും അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. ഇതൊരു സാധാരണ അപകടമല്ല എന്നതാണ് എല്ലാ തെളിവുകളും പറയുന്നത്. അന്വേഷണത്തിന്റെ ഈ പ്രധാന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷനും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കു വേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചു. തുടർന്ന് കേസിൽ വിധി പറയാനായി മാറ്റുകയായിരുന്നു.