മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് സ്വകാര്യ ആശുപ്രതിയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്.
ഒക്ടോബർ 3 മുതൽ 18 വരെ പുതിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്. പതിനൊന്നാം തീയതി ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ക്വാഡുകളെ ഉപയോഗിച്ച് പഞ്ചായത്തുകൾ വീടുകൾ തോറും കയറി തുടങ്ങി. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.