ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി. മീററ്റ് സ്വദേശിയായ മിക്കി എന്ന അമിത് കശ്യപ് 2025 ഏപ്രിലിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് അമിതിന്റെ ഭാര്യ രവിതയ്ക്കും ഇവരുടെ കാമുകൻ അമർദീപിനും മീററ്റ് അഡീഷണൽ ജില്ലാക്കോടതി മരണശിക വിധിച്ചത്.
പ്രണയത്തിലായിരുന്ന രവിതയും അമർദീപും ചേർന്ന് അമിത്തിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി ഒരാളിൽനിന്ന് പാമ്പിനെ വാങ്ങി ഇവർ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചുവച്ചു. തുടർന്ന് ഇരുവരും ചേർന്ന് അമിത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തിന് അടിയിൽ പാമ്പിനെ ഇടുകയായിരുന്നു. ഇതോടെ പാമ്പുകടിച്ചാണ് അമിത് മരിച്ചതെന്ന് തുടക്കത്തിൽ ബന്ധുക്കൾ കരുതി. എന്നാൽ അമിത്തിന്റെ കഴുത്തിൽ പരുക്കുകളും ശരീരത്തിൽ ചതഞ്ഞ പാടുകളും കണ്ടതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു.പാമ്പുകടിയേറ്റല്ല, കഴുത്തുഞെരിച്ചതോടെ ശ്വാസംമുട്ടിയാണ് അമിത് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷപ്പല്ല് നീക്കം ചെയ്ത്ത പാമ്പിനെയാണ് വീടിനുള്ളിൽ കണ്ടെത്തിയതെന്നും വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ഇരുവരും കുറ്റംസമ്മതിക്കുകയായിരുന്നു.