സിജെപി പ്രഖ്യാപിച്ച തിരംഗ മാർച്ചിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി കേന്ദ്രം. 24 മണിക്കൂർ നിരീക്ഷണത്തിന് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘത്തെ സജ്ജമാക്കിയതായാണ് റിപ്പോർട്ട്. ഡൽഹി അതിർത്തിയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിനിടെ ഇന്ന് പുലർച്ചെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച എൻഎസ്യുഐ നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ 16ന് വൈകുന്നേരം അഞ്ചുമണിക്ക് ത്രിവർണ്ണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരണമെന്ന് അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ നിയോഗിക്കാനാണ് തീരുമാനം.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 16,17 തീയതികളിൽ സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചു. അനധികൃത പ്രവേശനം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡൽഹി പൊലീസ് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. കൊണാട്ട്പ്ലേസിലും സമീപപ്രദേശങ്ങളിലും നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.