സംസ്ഥാനത്തു സിനിമ തിയറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകൾ നടത്തിയ സംയുക്ത മിന്നൽ പരിശോധനയിൽ 26 കേസുകൾ റജിസ്റ്റർ ചെയ്തു. 5 തിയറ്ററുകൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. പിഴയായി 62,000 രൂപയും ചുമത്തി. തിയറ്ററുകളിൽ ശുദ്ധജലം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദർശിപ്പിക്കാറുമില്ലെന്ന പരാതിയെത്തുടർന്നാണു മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പരിശോധന നടത്തിയത്.
കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തിയറ്ററുകൾക്കെതിരെയാണു നടപടി. തൂക്കം കുറച്ച് വിൽപനയ്ക്കും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആഹാരപദാർഥങ്ങൾ കൈകാര്യം ചെയ്തതിനും പായ്ക്കറ്റുകളിൽ ലേബൽ വിവരങ്ങൾ പൂർണമല്ലാത്തതിനും തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും നടപടിയെടുത്തിട്ടുണ്ട്.