എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി നാളെ അളക്കാൻ തിരുവനന്തപുരം തഹസിൽദാർക്ക് സംസ്‌ഥാന റവന്യു വകുപ്പിൻ്റെ നിർദേശം. രണ്ട് സർവേ നമ്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഭൂമി സർവേയിൽ സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെന്ന് കാണിച്ച് സർവകലാശാല റജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും റവന്യു അധികൃതർ നോട്ടിസ് അയച്ചു.
സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഭൂമി അളക്കാൻ സർക്കാരിനു നിർദേശം നൽകിയത്.