Drisya TV | Malayalam News

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്

 Web Desk    5 Oct 2026

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കാൾ ഡെയ്സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്ക്‌കാരം ലഭിച്ചത്. അമേരിക്കൻ, ജർമൻ ഗവേഷകരായ മൂവരും ഒപ്റ്റോജെനറ്റിക്സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോബൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

കാൾ ഡെയ്സെറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. പ്രകാശ നിയന്ത്രിത അയോൺ ചാനലുകളെക്കുറിച്ചും ഓപ്റ്റോജെനെറ്റിക്സിനെക്കുറിച്ചുമുള്ള പഠനമാണ് പുരസ്ക്‌കാരത്തിന് അർഹമാക്കിയതെന്ന് നൊബൈൽ സമിതി എക്സിൽ കുറിച്ചു. തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഈ രീതി ഇപ്പോൾ ലോകമെമ്പാടുമുള്ള ലബോറട്ടറികളിൽ ഉപയോഗിച്ചുവരുന്നുണ്ടെന്നും സമിതി കുറിച്ചു.

ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള വലിയ കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി അംഗങ്ങൾ, വൈദ്യശാസ്ത്രം, രസതന്ത്രം എന്നിവയിലെ മുൻ നൊബേൽ ജേതാക്കൾ, റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങൾ, സ്വീഡനിലെയും മറ്റ് രാജ്യങ്ങളിലെയും തിരഞ്ഞെടുത്ത മെഡിക്കൽ സ്ഥാപനങ്ങളിലെ പ്രൊഫസർമാർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

  • Share This Article
Drisya TV | Malayalam News