Drisya TV | Malayalam News

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ വികസിപ്പിച്ചെടുക്കാൻ അമേരിക്കയും ചൈനയും റഷ്യയും തമ്മിൽ കടുത്ത മത്സരം

 Web Desk    5 Oct 2026

ഭാവി ബഹിരാകാശ പര്യവേഷണങ്ങളുടെ ഭാഗമായി ചന്ദ്രനിൽ ആണവ റിയാക്ടറുകൾ വികസിപ്പിച്ചെടുക്കാൻ അമേരിക്കയും ചൈനയും റഷ്യയും തമ്മിൽ കടുത്ത മത്സരം. ചാന്ദ്രതാവളങ്ങൾ നിർമിക്കുന്നതിനും വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിനും അണുശക്തി നിർണായകമാകുമെന്നാണ് ഈ രാജ്യങ്ങൾ വിശ്വസിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യരുടെ അറ്റകുറ്റപ്പണികളില്ലാതെ പ്രവർത്തിക്കാനും ശേഷിയുള്ള ആണവ റിയാക്ടർ തയ്യാറാക്കാൻ നാസ (NASA) ഇതിനകം തന്നെ കരാറുകാരോട് ആവശ്യപ്പെട്ടതായി 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. 2030 ഡിസംബറോടെ ഈ റിയാക്ടർ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് നാസയുടെ ലക്ഷ്യം.

നാസ നിർദേശിച്ചിരിക്കുന്ന 'ലൂണാർ റിയാക്ടർ-1' 20 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നും അറ്റകുറ്റപ്പണികളില്ലാതെ അഞ്ച് വർഷത്തോളം പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ചൈനയുമായുള്ള രഹസ്യ സഹകരണത്തിന്റെ ഭാഗമായി 2036-ഓടെ 'സെലെന' എന്ന് പേരിട്ടിരിക്കുന്ന റിയാക്ടർ വികസിപ്പിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്. ചൈനീസ് നേതൃത്വത്തിലുള്ള ചന്ദ്രനിലയങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 10 കിലോവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും പത്ത് വർഷത്തോളം പ്രവർത്തിക്കാനും തക്കവണ്ണമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചന്ദ്രനിൽ സ്ഥിരമായ ഒരു താവളം പ്രവർത്തിപ്പിക്കാൻ വൈദ്യുതോർജ സ്രോതസ്സ് അത്യന്താപേക്ഷിതമാണ്. പകൽ സമയത്ത് സൗരോർജ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാമെങ്കിലും സൗരോർജത്തെ മാത്രം ആശ്രയിക്കുക പ്രയാസകരമാണ്. സൂര്യപ്രകാശമില്ലാതെയും പ്രവർത്തിക്കാൻ സാധിക്കുന്ന ആണവ റിയാക്ടറുകൾക്ക്, പരിമിത മനുഷ്യ ഇടപെടലുകളോടെ ദീർഘകാലത്തേക്ക് വൈദ്യുതി നൽകാൻ കഴിയും. പ്രാരംഭ ഘട്ടത്തിൽ, ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ലൂണാർ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും സൗരോർജവും റേഡിയോ ഐസോടോപ്പ് സംവിധാനങ്ങളുമാണ് അമേരിക്കയും ചൈനയും ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്. എന്നാൽ, കൂടുതൽ വലിയ താവളങ്ങൾ നിർമിക്കുമ്പോൾ അതിന് വലിയ അളവിൽ വൈദ്യുതി ആവശ്യമായി വരും.

ആണവ റിയാക്ടറുകൾ നിർമിക്കാൻ ധൃതി കൂട്ടുന്നത് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടാൽ ആണവ റിയാക്ടറുകളിൽ അപകടമുണ്ടാകുകയും റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തേക്ക് വ്യാപിക്കുകയും ചെയ്തേക്കാം. എന്നാൽ യാത്രാ വേളയിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രവർത്തിക്കാത്ത അവസ്ഥയിലായിരിക്കും റിയാക്ടറുകൾ ചന്ദ്രനിലേക്ക് അയക്കാനാണ് നാസയും റഷ്യയും പദ്ധതിയിടുന്നത്. സുരക്ഷാ പരിശോധനകൾ നടത്തിയാലും അപകടങ്ങൾ പൂർണമായി തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോർട്ടുകൾ.

ചന്ദ്രനിൽ റിയാക്ടർ സ്ഥാപിക്കുന്നതും അതിന്റെ പരിപാലനവും വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലെ റിയാക്ടറുകളിൽ ഉള്ളതുപോലെ സംരക്ഷണ കവചങ്ങൾ ചന്ദ്രനിൽ നിർമിക്കുക പ്രയാസകരമാണ്. അതിനാൽ ബഹിരാകാശ യാത്രികർക്കും ഉപകരണങ്ങൾക്കും റേഡിയേഷൻ ഭീഷണി കുറയ്ക്കുന്നതിനായി റിയാക്ടറുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പ്രവേശനം വിലക്കേണ്ടി വരുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

  • Share This Article
Drisya TV | Malayalam News