Drisya TV | Malayalam News

ടി.വീണ തന്റെ മകളായതിനാലാണ് വിചിത്ര നടപടികൾ നേരിടേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 Web Desk    22 Aug 2026

ടി.വീണ തന്റെ മകളായതിനാലാണ് ഇ.ഡിയുടെ വിചിത്ര നടപടികൾ നേരിടേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തൃശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹവാല ഇടപാട് നടന്നതിന് തെളിവുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാർത്താക്കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ വേണമെങ്കിൽ നൽകാൻ തയാറാണ്. എല്ലാ സംശുദ്ധമായാണ് നടക്കുന്നത്. എന്റെ കൈകൾ ശുദ്ധമാണ്. കറയാക്കാൻ നോക്കേണ്ട. വീണ എന്റെ മകളാണ് എന്നതിനാലാണല്ലോ ഇങ്ങനെ വരുന്നത്. എന്റെ മകളായതിനാൽ വിചിത്ര നടപടികളാണ് നേരിടേണ്ടി വരുന്നത്. സാധാരണ ഇ.ഡി. വാർത്താക്കുറിപ്പ് ഇറക്കാറില്ല. എന്നാൽ ഈ വിഷയത്തിൽ വാർത്താക്കുറിപ്പിറക്കി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തത്? പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാം എന്നാണ് കരുതുന്നത്. ഞാനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന പൂർണ ബോധ്യമുണ്ട്. എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായി. 1996ൽ ഒരാൾ തിരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി തന്നു എന്നായിരുന്നു ആരോപണം. ഇത് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.’– പിണറായി വിജയൻ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News