ഹമാസിനെ പൂർണമായും നിരായുധരാക്കുന്നതുവരെ ഇസ്രയേൽ സൈന്യം പിൻവാങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഗാസയിലെ ട്രംപിന്റെ സമാധാന പദ്ധതി തള്ളി ബെഞ്ചമിൻ നെതന്യാഹു.ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെവരെ എതിർക്കാൻ മടിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും 'സമ്പൂർണ നിരായുധീകരണത്തിനായി' ഒരു കരാറിലെത്തിയതായി ട്രംപിന്റെ ബോർഡ് ഓഫ് പീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇത് അംഗീകരിക്കുന്നതായി പറഞ്ഞ ഹമാസ്, ഇസ്രായേൽ എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്‌താൽ മാത്രമേ ആയുധങ്ങൾ കൈമാറുകയുള്ളൂവെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഗാസയിൽ സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ മൗനത്തിലായിരുന്നു. ഇതിന് ശേഷം ഇപ്പോഴാണ് ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ വെടിനിർത്തൽ കരാറിലെത്തിയതിനുശേഷവും ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച നടന്ന മന്ത്രി സഭായോഗത്തിലാണ് ട്രംപ് മുന്നോട്ടുവെച്ച 15ഇനി പദ്ധതി നിരസിക്കുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.'ഹമാസിനെ യഥാർഥത്തിൽ നിരായുധീകരിക്കുന്നതുവരെ ഇസ്രായേൽ സൈന്യം യാതൊരു പിന്മാറ്റവും നടത്തില്ല, ഞങ്ങളുടെ സേനയ്ക്കും പൗരന്മാർക്കുമെതിരെയുള്ള ഭീഷണികൾ തടയുന്നത് തുടരുകയും ചെയ്യും', അദ്ദേഹം കൂട്ടിച്ചേർത്തു.