Drisya TV | Malayalam News

ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു

 Web Desk    9 Aug 2026

സ്‌കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.എൻ. ഷംസുദ്ദീന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. 

ആഗസ്റ്റ് ആറിന് കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിലാണ് ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം ഉൾപ്പെടുത്തിയതെന്നായിരുന്നു ആരോപണം.ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ചത് ആരെന്നായിരുന്നു ചോദ്യം. വി.ഡി. സവർക്കറെന്ന് ഉത്തരവും നൽകിയിരുന്നു.

സംഭവത്തിൽ ചില വിദ്യാർഥി സംഘടനകളും മറ്റും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടും എഇഒ മാരോടും തയ്യാറാക്കിയ അധ്യാപകരോടും വിശദീകരണം തേടിയിരുന്നു. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചോദ്യപ്പേപ്പർ തയ്യാറാക്കിയത് വളരെ ഗൗരവമുള്ളതാണെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News